ഈ ക്ഷേത്രത്തിലെ ആചാരവിശേഷങ്ങള്‍.
1.കുംഭഭരണി
കുംഭമാസത്തിലെ രേവതി ,അശ്വതി,ഭരണി ദിവസങ്ങളിലാണ്‌ ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. കലം കരിക്കുക എന്നത്ഈഉത്സവകാലത്തെഒരുപ്രധാനവഴിപാടാണ്.എഴുന്നള്ളത്ത്,പറവയ്പ്,വിവിധവഴിപാടുകള്‍,കലാപരിപാടികള്‍,
ഗരുഡന്‍തൂക്കം,താലപ്പൊലി,എന്നിവയൊക്കെ ഉള്‍കൊള്ളുന്ന ഒരു മഹോത്സവമാണ് ഈ ദിനരാത്രങ്ങള്‍. മുന്‍കാലങ്ങളില്‍ “പാന” എന്ന അനുഷ്ഠാനകല ഭരണി ഉത്സവത്തോടനുബന്ധിച്ച് ഉണ്ടായിരുന്നു.
2.മീനഭരണി
കുംഭഭരണി പോലെ ആഘോഷപരമല്ലെങ്കിലും വിശേഷാല്‍ പൂജകളും വഴിപാടുകളും പ്രത്യകം ദീപാരാധനയും ഗരുഡന്‍ തൂക്കവും മറ്റുമായി ഈ ഭരണിനാളും യഥോചിതം ആചരിക്കപ്പെടുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി സംഗീതാരാധനയും സര്‍വൈശ്വര്യപൂജയും ഈ ദിനത്തില്‍ ആചരിച്ചുവരുന്നു.
3. ശിവരാത്രി
മാഘമാസത്തിലെ കൃഷ്ണചതുര്‍ദശി നാളില്‍ “കൊച്ചേറ്റുമാനൂരപ്പന്‍റെ“ ശിവരാത്രിയായി ആഘോഷിച്ചുവരുന്നു. ഈ ദിനത്തില്‍ വിശേഷാല്‍ പൂജകള്‍,ദീപാരാധന, ഉദയാസ്തമന നാമജപം,പ്രസാദഊട്ട് ഇവയെല്ലാംപതിവുണ്ട്
4. നവരാത്രി
നവരാത്രി കാലത്ത് സരസ്വതീസങ്കല്പത്തില്‍ പ്രത്യേകപൂജകളിവിടെ നടത്തപ്പെടുന്നു.ദുര്‍ഗ്ഗാഷ്ടമി മുതല്‍ വിജയദശമി വരെ പ്രത്യേകമായി സജ്ജീകരിച്ച മണ്ഡപത്തില്‍ വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങള്‍ പൂജവയ്ക്കുന്നു. വിജയദശമി ദിവസം ഈ ക്ഷേത്രസന്നിധിയില്‍ വച്ച് അക്ഷരവിദ്യയുടെ ഹരിശ്രീ കുറിക്കുന്നത് വിജ്ഞാനസമ്പാദനത്തിന് നല്ലൊരു തുടക്കമാവുമെന്ന് വിശ്വസിക്കുന്നു. സംഗീതവിദ്യാര്‍ത്ഥികള്‍ നാദോപാസനക്ക് ഇവിടെ എത്താറുണ്ട്.
5. സര്‍പ്പത്തിനുകൊട
തുലാമാസത്തിലെ ആയില്യം നാളില്‍ ഇവിടുത്തെ സര്‍പ്പക്കാവില്‍ സര്‍പ്പത്തിനുകൊട മഹോത്സവം നടത്തുന്നു. അഭിഷേകം നേദ്യങ്ങള്‍ തുടങ്ങിയവയോടെ സമുചിതമായി ആഘോഷിക്കുന്നു.
6.വൃശ്ചികം ഒന്ന് (മണ്ഡലാരംഭം)
ശബരിമലക്ക് പോകുന്ന ഭക്തജനങ്ങള്‍ വ്രതാരംഭസൂചകമായി ഇവിടെ ക്ഷേത്രദര്‍ശനം നടത്തി മാലയിടുക പതിവാണ്. പരമ്പരാഗതമായി കോലടികളി,തലയാട്ടംകളി,വെളിച്ചപ്പാടുതുള്ളല്‍ ,കൊട്ടും പാട്ടും എന്നിവയൊക്കെ മുറതെറ്റാതെ നടക്കും.
7. മണ്ഡലകാലം
വൃശ്ചികം ഒന്ന് മുതല്‍ നാല്പത്തി ഒന്നുദിവസം കളമെഴുത്തും പാട്ടും കളം പൂജയും നടത്തിവരുന്നു. ഓരോദിവസവും ഓരോരുത്തരുടെ വഴിപാടായാണ് ചടങ്ങുകള്‍ സമര്‍പ്പിക്കുന്നത്. വഴിപാടുകാരുടെ ആധിക്യം മൂലം തന്ത്രിയുടെ അനുമതിയോടെ ഇപ്പോള്‍ തുലാം ഒന്നുമുതല്‍ കളമെഴുത്തും പാട്ടും നടത്തിവരുന്നുണ്ട്. അവസാനദിവസം പുറക്കളത്തില്‍ ഗുരുതിയും ഉണ്ടാവും.
8. രാമായണമാസാചരണം
കര്‍ക്കിടകമാസം ഒന്നാംതിയതിയും മുപ്പത്തിഒന്നാം തിയതിയും ആദ്ധ്യാത്മരാമായണം സമ്പൂര്‍ണ്ണ പാരായണം നടത്താറുണ്ട്‌. ഈ മാസത്തില്‍ വിശേഷാല്‍ ഗണപതിഹോമങ്ങളും ഭഗവത്സേവയും ആചരിക്കാറുണ്ട്.

 ഒരേ ചുറ്റമ്പലത്തിൽ പടിഞ്ഞാറ് ദർശനമായി ഭദ്ര , ശിവൻ , ദുർഗ്ഗ എന്നീ മൂർത്തികൾ കുടികൊള്ളുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് ഇത് .

Scroll to Top