About Temple

കാരിപ്പടവത്ത് കാവ്

കാലങ്ങളായി ഭക്തസഹസ്രങ്ങൾക്കു ആശ്വാസവും ആനന്ദവും പകർന്നുതരുന്ന ഒരു പുണ്യ പുരാതന  ക്ഷേത്രമാണ് കുറിച്ചിത്താനം ശ്രീ കാരിപ്പടവത്ത് കാവ്. ഒരേ ചുറ്റമ്പലത്തിൽ പടിഞ്ഞാറ് ദർശനമായി ഭദ്ര , ശിവൻ , ദുർഗ്ഗ എന്നീ മൂർത്തികൾ കുടികൊള്ളുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് ഇത് . കാക്കാറുപിള്ളി , മഠo എന്നീ മനക്കാരുടെ ഊരാണ്മയിലുള്ള ഈ കാവിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഭക്തജനങ്ങളുടെ നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കാറുണ്ട് .

 

ക്ഷേത്രത്തിലെ പ്രധാന മൂർത്തികൾ – ഭദ്രകാളിയും , ശിവനും ,ദുർഗയും . ഇവരിൽ ഭദ്രകാളിക്ക് പ്രാധാന്യം .ശിവൻ പിന്നീട് വന്നതാണ്. ഉപദേവതകൾ : യക്ഷി ,അന്തിമഹാകാളൻ , ഐലിയക്ഷി ,രക്ഷസ്സ് , നാഗരാജാവ് ,സർപ്പങ്ങൾ . പ്രധാന ആഘോഷങ്ങൾ. കുംഭഭരണിയും ,മീനഭരണിയും . പടിഞ്ഞാറേ നടയിലുള്ള  ബലിത്തറ ആദിമനിവാസികളുടെ  വനദുർഗ്ഗാ സങ്കല്പമാണ് .ഇപ്പോഴും വൃശ്ചികം ഒന്നിന് അവരുടെ പിന്തുടർച്ചക്കാർ സ്ത്രീ പുരുഷ ഭേദമെന്യേ  ക്ഷേത്രത്തിലെത്താറുണ്ട് . കതിർ കറ്റകളേന്തി, പാട്ടും ,തലയാട്ടം കളിയുമായി  സ്ത്രീകളും ,കോലടികളിയോടെ  പുരുഷന്മാരും  ഒഴുകിയെത്തുമ്പോൾ അതൊരു  കാർഷികോത്സവമായി മാറും. ഒരു വിളവെടുപ്പുത്സവത്തിൻറെ പ്രതീതിയുളവാക്കുന്നതാണ്  പരിപാടികളെല്ലാം . പെരുന്താനം,ഉഴവൂർ ,കുടക്കച്ചിറ , പാലക്കാട്ടുമല ,നെല്ലിത്താനത്തു മല ,ആണ്ടൂർ ,മരങ്ങാട്ടുപള്ളി, കുര്യനാട് ,കുറിച്ചിത്താനം ,എന്നീ ഒൻപതു കരക്കാരുടെ കുലദൈവമാണ് ഈ ഭഗവതി .ഈ ക്ഷേത്രത്തിലെ ദേവീചൈതന്യത്തെ  ധ്യാനിച്ചുകൊണ്ട് മഠം ശ്രീധരൻ നമ്പൂതിരി രചിച്ചതാണ്  സുപ്രസിദ്ധമായ അംബികാഷ്ട പ്രാസം .ആ കവി ഈ ക്ഷേത്രത്തിൽ  ഒരു വർഷക്കാലം ഭജന മനുഷ്ഠിച്ചിരുന്നു.

ഈ ക്ഷേത്രത്തിലെ പ്രധാന ആചാരവിശേഷങ്ങൾ

1 . ശിവരാത്രി

മാഘ മാസത്തിലെ കൃഷ്ണ ചതുർദ്ദശി  രാത്രിയിലാണ് ശ്രീ പരമേശ്വരൻ അവതരിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ രാത്രിയിൽ വ്രത നിഷ്ഠയോടെ ഉറക്കമുപേക്ഷിച്ചു  ഉപവാസമനുഷ്ഠിക്കുകയും ശിവനെ ധ്യാനിക്കുകയുമാണ്  ശിവരാത്രി വ്രതം കൊണ്ട് ഉദ്ദേശിക്കുന്നത് .ശിവരാത്രിയോടനുബന്ധിച്ചു  വിശേഷാൽ പൂജകൾ ,ദീപാരാധന ,നാമജപം,എന്നിവയൊക്കെ പതിവുണ്ട് .കൊച്ചേറ്റുമാനൂരപ്പൻ എന്ന അപരനാമധേയത്തിലറിയപ്പെടുന്ന ഈ ശിവസന്നിധിയിലെ ശിവരാത്രി വ്രതത്തിൽ  പങ്കാളിയാകുന്നതു  സർവ്വാഭിഷ്ട പ്രദമാണെന്നു വിശ്വസിക്കപ്പെടുന്നു.

2 .പായസപ്രസിദ്ധി

ഇവിടുത്തെ ആറുനാഴിപ്പായസം  പ്രസിദ്ധമാണ് . ഒരു പ്രത്യേക കൂട്ടിലുള്ള ഈ പായസം നിത്യവുമെന്നോണം ഇവിടെ നിവേദിക്കപ്പെടുന്നു

3 .നവരാത്രി

പ്രപഞ്ചത്തിന്റെ ആധാരശക്തിയായ  മഹാമായക്ക് മൂന്നു ഭാവങ്ങളാണുള്ളത് .മഹാലക്ഷ്മിയും ,മഹാസരസ്വതിയും ,മഹാകാളിയുമാണീ ദേവതാ സങ്കൽപ്പങ്ങൾ . നവരാത്രികാലത്ത്  സരസ്വതീ സങ്കല്പത്തിൽ പ്രത്യേക പൂജകളിവിടെ നടത്തപ്പെടുന്നു .വിജയദശമി ദിവസം വിദ്യാരംഭത്തിനായി  വരുന്ന കുട്ടികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കാറുണ്ട് . ഈ ക്ഷേത്ര സന്നിധിയിൽ വച്ച്  അക്ഷര വിദ്യയുടെ  ഹരിശ്രീ കുറിക്കുന്നത് വിജ്ഞാന  സമ്പാദനത്തിന് നല്ലൊരു തുടക്കമാവുമെന്നു വിശ്വസിക്കപ്പെടുന്നു .

4 . വൃശ്ചികം ഒന്ന്

ശബരിമലക്ക് പോകുന്ന ഭക്തജനങ്ങൾ വ്രതാരംഭ സൂചകമായി ഇവിടെ ക്ഷേത്ര ദർശനം നടത്തി മാലയിടുക പതിവാണ് . ഇന്നേദിവസം  ഹരിജനങ്ങളുടെ  കോലടികളി ,തലയാട്ടം കളി,വെളിച്ചപ്പാടുതുള്ളൽ ,കൊട്ടും പാട്ടും എന്നിവയൊക്കെ മുറതെറ്റാതെ നടക്കും

 

5 . മണ്ഡലകാലം 

  • വൃശ്ചികം ഒന്നു മുതൽ നാല്പത്തി ഒന്നുദിവസം കളമെഴുത്തും പാട്ടും നടത്തിവരുന്നു .ഓരോദിവസവും ഓരോരുത്തരുടെ  വഴിപാടുകളായാണ് ചടങ്ങുകൾ സമർപ്പിക്കപ്പെടുന്നത് . ആവശ്യക്കാരുടെ തിരക്കുകൊണ്ട്‌ ഇപ്പോൾ തുലാം ഒന്നുമുതൽ കളമെഴുത്തും പാട്ടും നടത്തിവരുന്നുണ്ട് . അവസാന ദിവസം പുറക്കളത്തിൽ ഗുരുതിയും ഉണ്ടാകും .

6 . കുംഭഭരണി

  • കുംഭ മാസത്തിലെ രേവതി ,അശ്വതി ,ഭരണി ദിവസങ്ങളിലാണ്  ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം .എഴുന്നള്ളത്ത് ,പറവയ്പ് ,വിവിധ വഴിപാടുകൾ ,കലാപരിപാടികൾ ,ഗരുഢൻതൂക്കം ,താലപ്പൊലി ,വാദ്യമേളം എന്നിവയൊക്കെ ഉൾകൊള്ളുന്ന ഒരു മഹോത്സവമാണ്  ഈ ദിനരാത്രങ്ങൾ .ഭദ്രയുടെ മൂലസ്ഥാനമായ കാക്കാറുപിള്ളി മനയിലേക്കുള്ള എഴുന്നെള്ളിപ്പും തിരിച്ചു കാവിലേക്കുള്ള വരവും ദീപക്കാഴ്ചയും നിറപറയുമായുള്ള ഭക്തരുടെ സ്വീകരണവും ഭരണിവിളക്കിലെ പ്രധാനചടങ്ങുകളാണ്. കലം കരിക്കുക എന്നത് ഈ ഉത്സവക്കാലത്തെ  ഒരു പ്രധാന വഴിപാടാണ് .മകരക്കൊയ്ത്തുകഴിഞ്ഞുള്ള പുത്തരി നേദ്യം പുത്തൻ മൺകലത്തിൽ അമ്മയ്ക്ക് നിവേദിക്കുന്നചടങ്ങാണിത്‌. ഒൻപതു കരകളിൽ നിന്നുള്ളവർ കലം കരിക്കാനിവിടെ എത്തുന്നു. ചില വർഷങ്ങളിൽ  മുടിയേറ്റ് എന്ന  അനുഷ്ഠാന കല  ഇവിടെ അരങ്ങേറാറുണ്ട് .പുരാതന കാലത്ത് ഈ ഉത്സവകാലത്ത് പാന എന്ന അനുഷ്ഠാന കല  അരങ്ങേറിയിരുന്നു .

7 . മീനഭരണി 

കുംഭഭരണി പോലെ  അനുഷ്ഠാന പരമല്ലെങ്കിലും  വിശേഷാൽ പൂജകളും വഴിപാടുകളും പ്രത്യേക ദീപാരാധനയും ഗരുഡൻ തൂക്കവും മറ്റുമായി ഈ ഭരണിനാളും യഥോചിതം  ആചരിക്കപ്പെടുന്നു .